ദോഹ: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ലക്ഷ്യങ്ങൾ കൈവരിക്കാനും കൃഷിരീതികളെ ആധുനികമാക്കാനുമായി നഗരസഭാ മന്ത്രാലയം 'സുസ്ഥിര കാർഷിക ഉൽപ്പാദന പുരസ്‌കാരം' പ്രഖ്യാപിച്ചു. നഗരസഭാ മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയാണ് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കർഷകർ, കന്നുകാലി വളർത്തുന്നവർ, മത്സ്യത്തൊഴിലാളികൾ എന്നിവരെ അംഗീകരിക്കുക, പ്രാദേശിക ഉൽപ്പാദനത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുക, സുസ്ഥിര വികസനം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. കത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായാണ് ഈ പുരസ്‌കാരം.
പച്ചക്കറി കൃഷി, ഈന്തപ്പഴ കൃഷി, കന്നുകാലി വളർത്തൽ, മത്സ്യ ഉൽപ്പാദനം എന്നീ നാല് വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. 2026 ഏപ്രിലിൽ അവാർഡ് വെബ്സൈറ്റ് ലോഞ്ച് ചെയ്യുകയും നാമനിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യും. വിജയികൾക്ക് 2027ലെ അഗ്രിടെക് വേദിയിൽ പുരസ്കാരം ലഭിക്കും.
ആധുനിക സാങ്കേതിക വിദ്യ, ബയോസെക്യൂരിറ്റി, കീടനാശിനി വിമുക്ത ഉൽപ്പന്നങ്ങൾ, മികച്ച ഫാം മാനേജ്‌മെന്റ് എന്നിവയാണ് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ.
Photo and News Source: Suprabhaatham



