തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണമായ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പ്രതികൾ. ‘ഇൻസ്റ്റ പേ’ എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ ഇവർ 36 ശതമാനം പലിശ ഈടാക്കുകയും ഭീഷണിപ്പെടുത്താനായി പ്രത്യേക വിഭാഗം നടത്തുകയും ചെയ്തു.
നോയിഡയിലെ ഒരു ഐടി സ്ഥാപനത്തെ പോലെ പ്രവർത്തിച്ചിരുന്ന ഓഫീസിൽ 35-ലേറെ സിം കാർഡുകൾ ഉപയോഗിച്ച് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും അയച്ചിരുന്നു. നിതിൻ രാജിന്റെ അമ്മയുടെ ചികിത്സയ്ക്കായി ലോൺ എടുത്തിരുന്ന നിതിന് 98 ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. നിതിന്റെ അധ്യാപിക ലതയുടെയും നമ്പർ വായ്പ എടുക്കുമ്പോൾ റഫറൻസ് ആയി നൽകിയിരുന്നതിനാൽ അവർക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചു.
തിരിച്ചടവ് മുടങ്ങിയതോടെ പരാതി നൽകാൻ തയ്യാറായിരുന്ന ലതയുടെ പ്രിൻസിപ്പൽ നിതിനെ റൂമിലേക്ക് വിളിച്ചതിന് ശേഷം നിതിൻ മരിച്ച നിലയിൽ കണ്ടെത്തി.
Photo and News Source: Janam TV



