ഹോർമുസ് കടലിടുക്കിലൂടെ യാത്രചെയ്യുകയായിരുന്ന അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) എണ്ണടാങ്കറിനെ ലക്ഷ്യമിട്ട് ഇറാൻ രണ്ട് ഡ്രോണുകളിലൂടെ നടത്തിയ ഭീകരാക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു.

അന്താരാഷ്ട്ര നിയമങ്ങളും, ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷനും, അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ പ്രമേയങ്ങളും, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം (2817) എന്നിവ ലംഘിച്ച ഈ പ്രവൃത്തിയെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം നഗ്നമായ ലംഘനമായി വിശേഷിപ്പിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റുമായി ബഹ്റൈൻ പൂർണ്ണ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും, യുഎഇയുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾക്കുള്ള പൂർണ്ണ പിന്തുണയും ബഹ്റൈൻ പ്രസ്താവിച്ചു.

ഊർജ്ജ സുരക്ഷ, ഭക്ഷ്യ-ഔഷധ വിതരണങ്ങളുടെ സ്ഥിരത, ആഗോള വ്യാപാരത്തിന്റെ ഒഴുക്ക്, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അത്യാവശ്യമാണെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്കും കരാറുകൾക്കും അനുസൃതമായി എല്ലാ ശത്രുതാപര പ്രവൃത്തികളും അവസാനിപ്പിക്കണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.

Photo and News Source: Mathrubhumi