ചക്ക പോഷകസമ്പന്നമായ ഒരു സൂപ്പർഫുഡ് ആണ്. ഫൈബർ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹനശക്തി മെച്ചപ്പെടുത്തുന്നു. വേനൽക്കാലത്ത് ശരീരത്തിന് ഊർജ്ജവും തണുപ്പും നൽകുന്ന ചക്ക രുചിയിലും ആരോഗ്യത്തിലും മികച്ചതാണ്.

വിറ്റാമിൻ സി, എ എന്നിവ ചക്കയിൽ സമൃദ്ധമാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പനി, ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. പൊട്ടാസ്യം, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചക്കയിലെ അയൺ, വിറ്റാമിൻ ബി, ബി3, ബി6 എന്നിവ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കുകയും വിളർച്ച പരിഹരിക്കുകയും ചെയ്യുന്നു. മഗ്നീഷ്യം, കാൽസ്യം എന്നിവ എല്ലുകളെ ബലപ്പെടുത്തുന്നു. പച്ച ചക്കയുടെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എങ്കിലും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.

ചക്കയിലെ ഭക്ഷ്യയോഗ്യമായ നാരുകൾ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. ചക്കക്കുരുവിലെ പ്രീബയോട്ടിക്സ് ദഹനശക്തി മെച്ചപ്പെടുത്തുന്ന ബാക്ടീരിയകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. ചക്കച്ചുളയിലും ചക്കക്കുരുവിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ആന്റിഓക്സിഡന്റുകൾ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. നിശാന്ധത, കണ്ണിന്റെ ഞരമ്പുകളുടെ ആരോഗ്യം എന്നിവയ്ക്കും ഉപകരിക്കുന്നു.

Photo and News Source: Samakalika Malayalam