കോട്ടയം: കേരള കോൺഗ്രസ് (എം)ന്റെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ അവസാദത്തിലാക്കിയ വൻ തകർച്ച. എൽ.ഡി.എഫിന്റെ ഭാഗമായി 12 സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് എമ്മിന് ഒരിടത്തും ജയിക്കാനായില്ല.
പാർട്ടി ചെയർമാൻ ജോസ് കെ മാണി സ്വന്തം തട്ടകമായ പാലായിൽ വീണ്ടും തോറ്റു. സിറ്റിങ് എം.എൽ.എയും യു.ഡി.എഫ് സ്വതന്ത്രനുമായ മാണി സി കാപ്പൻ 2417 വോട്ടിനാണ് ജോസ് കെ മാണിയെ തോൽപിച്ചത്.
1965 മുതൽ തുടർച്ചയായി 13 തെരഞ്ഞെടുപ്പുകളിൽ കെ.എം. മാണി ജയിച്ച മത്സരം 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ആദ്യം കൈവിടുന്നത്. കെ.എം. മാണിയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം)ന്റെ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ ജോസ് ടോം പുളിക്കുന്നേൽ തോറ്റതോടെയാണ് മണ്ഡലം ആദ്യമായി കൈവിട്ടത്.
2021-ൽ ജോസ് കെ മാണി തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും മാണി സി കാപ്പനോട് 15,378 വോട്ടിന് തോറ്റു. ഇത്തവണയും അതുതന്നെ സംഭവിച്ചു. പാർട്ടിയിലെ രണ്ടാമനായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ (ഇടുക്കി), മുതിർന്ന നേതാവ് എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരും തോൽവി ഉറപ്പിച്ചു.
Photo and News Source: Malayalam Express








