കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ, എറണാകുളം ജില്ലയിലെ കളമശേരി മണ്ഡലത്തിലെ സ്ട്രോങ് റൂമിൻ്റെ താക്കോൽ കാണാതായത് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കി. തിങ്കളാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിക്കാനുള്ള സമയത്താണ് ഈ സംഭവം പുറത്തുവന്നത്. ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രത്തിൽ താക്കോലിനായുള്ള തിരച്ചിൽ തുടരുന്നു.

സംസ്ഥാനത്തെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 140 സ്ഥലങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. തിങ്കളാഴ്ച രാവിലെ 8 മണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. 50 വോട്ടുകളുള്ള കെട്ടുകളായി ഇവയെ തരംതിരിച്ചു. 8.30 മണിയോടെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണാനാരംഭിച്ചു.

വോട്ടെണ്ണൽ ഫലപ്രഖ്യാപനം വൈകീട്ടോടെ പൂർത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. ഓരോ റൗണ്ടും പൂർത്തിയാക്കാൻ ഏതാണ്ട് അര മണിക്കൂർ വരെ സമയമെടുക്കും. ആദ്യ ഫലസൂചനകൾ രാവിലെ 9 മണിയോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്. മുഴുവൻ ഫലങ്ങളും വൈകീട്ട് 5 മണിയോടെ പുറത്തുവരുമെന്നും വിജയികളുടെ സർട്ടിഫിക്കറ്റുകൾ നൽകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Photo and News Source: Kvartha