എറണാകുളം: ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ പ്രവർത്തനങ്ങൾക്ക് കളമശേരി, ആലുവ, കോതമംഗലം എന്നിവിടങ്ങളിലെ കോളേജുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കുമെന്നും പത്തു മണിയോടെ ആദ്യ ഫലസൂചന ലഭിക്കുമെന്നും അറിയിച്ചു.

വോട്ടെണ്ണൽ നടക്കുന്ന എല്ലാ മേശകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും നാലു പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വി.വി. പാറ്റ് സ്ലിപ്പുകളാണ് എണ്ണുക. നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ നറുക്കെടുപ്പിലൂടെയാണ് ബൂത്തുകൾ തിരഞ്ഞെടുക്കുന്നത്.

ജില്ലയിലെ 14 മണ്ഡലങ്ങളിലായി 1113 ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് 238 മൈക്രോ ഒബ്സർവർമാരും സൂപ്പർവൈസർമാരും അസിസ്റ്റന്റുമാരുമുണ്ട്. ഇതിൽ 20 ശതമാനം റിസർവ് ഉദ്യോഗസ്ഥരാണ്.

Photo and News Source: Kerala Kaumudi Latest