ന്യൂഡൽഹിയിൽ നിന്നും: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കപ്പെടും. തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, ആസാം എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്. ബംഗാളിൽ രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ റീ പോളിങ് പ്രഖ്യാപിച്ച ഫാല്‍ട്ട മണ്ഡലം ഒഴികെയുള്ളവയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും.

രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണി, തുടർന്ന് 8.30 മുതൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണും. ഒൻപതോടെ ആദ്യ ഫലസൂചനകൾ ലഭിക്കും. ഉച്ചയോടെ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളുടെ ചിത്രം വ്യക്തമാകും.

കേരളത്തിൽ 140, തമിഴ്നാട്ടിൽ 234, പുതുച്ചേരിയിൽ 30, ആസാമിൽ 126, ബംഗാളിൽ 294 മണ്ഡലങ്ങളാണുള്ളത്. പോണ്ട, ബാഗൽക്കോട്ട്, ദവാനഗേരെ സൗത്ത്, കോറിഡംഗ്, ധർമ്മനഗർ, ഉംറേത്ത്, രാഹുറി, ബാരാമതി എന്നീ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന് പ്രഖ്യാപിക്കപ്പെടും. ഫലങ്ങൾ results.eci.gov.in പോർട്ടലിലൂടെയോ ECINET ആപ്പിലൂടെയോ ലഭ്യമാകും.

Photo and News Source: Janmabhumi