തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ 50-ാം സ്മരണാ വർഷത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിച്ച പ്രശസ്ത സംവിധായകൻ എം.കൃഷ്ണൻ നായരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം നടൻ മധുവിന് ലഭിക്കുമെന്ന് ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്‌ക്കാരിക വേദിയും പ്രഖ്യാപിച്ചു.

നടൻ, നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ എന്നീ നിലകളിൽ 63 വർഷത്തെ മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് മധുവിന് ഈ ബഹുമതി നല്കുന്നു. മേയ് 9-ന് 3 മണിക്ക് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് പുരസ്‌കാരം നൽകും.

15,000 രൂപ, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്ന പുരസ്‌കാരം ലഭിക്കും. മേയ് 10-ന് എം.കൃഷ്ണൻ നായരുടെ 25-ാം ഓർമ്മ വർഷത്തിൽ ഭാരത് ഭവനിൽ അനുസ്മരണ സമ്മേളനം നടക്കും. കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ. മധു ഉദ്ഘാടനം ചെയ്യും. ഡോ. ജി. രാജ് മോഹൻ അധ്യക്ഷനാകും. ഡോ. പ്രമോദ് പയ്യന്നൂർ, സി. അജോയ് ചന്ദ്രൻ, ജി. സുരേഷ് കുമാർ, സുബ്രഹ്മണ്യൻ കാർത്തികേയൻ, ഡോ. എം. ജി. ശശിഭൂഷൻ, ജി. എസ്. വിജയൻ, എം. കെ. വിവേകാനന്ദൻ നായർ, മുക്കംപാലമ്മൂട് രാധാകൃഷ്ണൻ, മധു ഇറവങ്കര, മണക്കാട് രാമചന്ദ്രൻ എന്നിവരും പങ്കെടുക്കും.

Photo and News Source: Janmabhumi