തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. തിങ്കളാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
15,465 ഉദ്യോഗസ്ഥർ വോട്ടെണ്ണൽ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നു. ഇതിൽ 140 ആർ.ഒമാർ, 1,340 അഡീഷണൽ എ.ആർ.ഒമാർ, 4,208 മൈക്രോ ഒബ്‌സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ ഉൾപ്പെടുന്നു. സ്ട്രോങ്ങ് റൂമുകൾ പൂർണ്ണമായും വീഡിയോ റെക്കോർഡിംഗോടെ തുറക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിതുടങ്ങുക.
ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണുന്നതിനായി പരമാവധി 14 ടേബിളുകൾ വീതമുണ്ടാകും. കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാർത്ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമായും കയ്യിൽ കരുതണം. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ ഇവർ ഹാളിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.
വോട്ടെണ്ണൽ പൂർത്തിയായ 48 മണിക്കൂറിനുള്ളിൽ വോട്ടിംഗുമായും വോട്ടെണ്ണലുമായും ബന്ധപ്പെട്ട സമഗ്ര വിവരങ്ങളടങ്ങിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇൻഡക്സ് കാർഡ് പ്രസിദ്ധീകരിക്കും. കേരളത്തിനൊപ്പം തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ വോട്ടെണ്ണലും തിങ്കളാഴ്ച തന്നെയാണ് നടക്കുന്നത്.
Photo and News Source: Sathyam Online









