കോഴിക്കോട്: യുഡിഎഫ് മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറുകയാണെങ്കിൽ, കോൺഗ്രസിന്റെ രമേശ് ചെന്നിത്തലയോ മുസ്ലിം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടിയെയോ മുഖ്യമന്ത്രിയാക്കണമെന്ന് കേരള ദളിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ ആവശ്യപ്പെട്ടു.
'ഇരുവരും മികച്ച ഭരണാധികാരികളെന്ന നിലയിൽ കഴിവു തെളിയിച്ചവരാണ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട് പൊതുവേ സ്വാഗതാർഹമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേര് വലിച്ചിഴക്കേണ്ടതില്ല' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ബിജെപിക്കും കേന്ദ്രസർക്കാരിനും കൊടുക്കുന്ന ഏറ്റവും വലിയ പ്രഹരമാകും കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കുന്നത്. മുസ്ലിം സഹവർത്തിത്വവും മതേതര മൂല്യവും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ്സ് അതിന്റെ ആർജവം കാട്ടണം' എന്നും പി. രാമഭദ്രൻ ചൂണ്ടിക്കാട്ടി.
'വി.ഡി. സതീശൻ നല്ല കഴിവുള്ള നേതാവാണ്. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ, നല്ല ധനകാര്യ മന്ത്രിയെ സതീശനിലൂടെ കേരളീയർ പ്രതീക്ഷിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു. ദലിത്-പിന്നോക്ക വിഭാഗത്തിന് ആനുപാതികമായ മന്ത്രി സ്ഥാനങ്ങൾ ലഭിക്കാതിരുന്നാൽ ഏത് മുന്നണിയായാലും എതിർക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Photo and News Source: Mathrubhumi










