മുംബൈ: ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി സ്വദേശീയമായി നിർമ്മിച്ച അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ് ‘മഹേന്ദ്രഗിരി’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി.

മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ നടന്ന ചടങ്ങിലാണ് കപ്പലിന്റെ കൈമാറ്റം. ‘പ്രോജക്റ്റ് 17A’ പദ്ധതിയുടെ ഭാഗമായുള്ള ഏഴ് യുദ്ധക്കപ്പലുകളിൽ ഒടുവിലത്തേതാണ് മഹേന്ദ്രഗിരി. ഒഡീഷയിലെ കിഴക്കൻ ഘട്ടിലെ പർവ്വതനിരയുടെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത്.

149 മീറ്റർ നീളവും 17.8 മീറ്റർ വീതിയുമുള്ള ഈ കപ്പൽ 6670 ടൺ ഭാരമുള്ളതാണ്. മണിക്കൂറിൽ 52 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കാൻ കഴിയും. ബ്രഹ്മോസ്, ദീർഘദൂര മിസൈലുകൾ, 76 എം.എം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട് എന്നിവ ഇതിലുണ്ട്.

ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് മുന്നേറാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ, ആധുനിക സോണാർ സംവിധാനങ്ങൾ, ടോർപ്പിഡോ-റോക്കറ്റ് ലോഞ്ചറുകൾ എന്നിവയുമുണ്ട്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാന്നിധ്യം വർധിക്കുന്ന ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ, ഈ കപ്പലിന്റെ വരവ് നിരീക്ഷണ-പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

Photo and News Source: Janam TV