നെയ്‌പിഡോ: മ്യാന്മാറിലെ സൈനിക ഭരണകൂടം, ജനാധിപത്യ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓംഗ് സാൻ സൂചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി. 2021 ഫെബ്രുവരിയിൽ സൈന്യം ജനാധിപത്യ സർക്കാരിനെ പുറത്താക്കിയതിനെ തുടർന്ന് സൂചിയെ അറസ്റ്റിലാക്കിയിരുന്നു.

ബുദ്ധന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി സൂചിയുടെ ശിക്ഷ 33 വർഷത്തിൽ നിന്ന് 18 വർഷമായി കുറച്ചു. അവരുടെ ശേഷിക്കുന്ന ശിക്ഷ വീട്ടുതടങ്കലിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ, സൂചിയെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്നോ അവരുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

സൈനിക ഭരണകൂടത്തിന്റെ ഈ നടപടി മാനുഷിക സമീപനമാണെന്ന വിലയിരുത്തലുകൾ ഉണ്ടെങ്കിലും, അന്താരാഷ്ട്ര സമ്മർദ്ദം കുറയ്ക്കാനുള്ള തന്ത്രമായും വിമർശകർ വിലയിരുത്തുന്നു. 2021-ലെ അട്ടിമറിയെ തുടർന്നുള്ള രാഷ്ട്രീയ പ്രതിസന്ധിയും ആഭ്യന്തര സംഘർഷവും മ്യാന്മാറിൽ തുടരുകയാണ്. എൺപതുകാരിയായ സൂചിയുടെ ശിക്ഷ പൂർത്തിയാകാന് ഇനിയും പതിമൂന്ന് വർഷം കൂടിയുണ്ട്. അറസ്റ്റിനു ശേഷം അവർ പൊതുജനത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Photo and News Source: Kerala Online News