തിരുവനന്തപുരം: പൊതുപ്രവർത്തകനും ഉപഭോക്താവകാശ പ്രവർത്തകനുമായ ഡിജോ കാപ്പൻ അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന അദ്ദേഹം, മാസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഉപഭോക്താവകാശ സംരക്ഷണത്തിനായി നിരന്തരം പോരാടിയ ഡിജോ കാപ്പൻ, സെൻട്രൽ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടന സ്ഥാപിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെഎസ്.സി. വഴി പൊതുരംഗത്തേക്ക് കടന്ന അദ്ദേഹം, 1982-ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി.
കെ.എസ്.സി. യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. 1998-ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും ഉപഭോക്താവകാശങ്ങൾക്കും റോഡ് സുരക്ഷയ്ക്കുമായി നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. ഗതാഗത, വൈദ്യുതി മേഖലകളിലെ കൺസ്യൂമർ ഫോറങ്ങളുടെ മുൻനിര പ്രവർത്തകനായിരുന്നു ഡിജോ കാപ്പൻ. ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിങ് വിഭാഗം മേധാവിയാണ്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയായിരുന്നു അദ്ദേഹം.
Photo and News Source: Janmabhumi










