പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് കേരളത്തിന്റെ തൊഴില്‍മേഖലയെ തകിടം മറിച്ചിരിക്കുന്നു. ബംഗാള്‍, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമവുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
നിര്‍മാണ-ഹോട്ടല്‍ മേഖലകളെയാണ് തൊഴിലാളിക്ഷാമം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കേരളത്തില്‍ ഏകദേശം 30 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ഭൂരിഭാഗവും ബംഗാള്‍, ബിഹാര്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
നിര്‍മാണമേഖലയിലെ 80 ശതമാനത്തിലേറെയും ഇവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വലുതും ചെറുതുമായ നിരവധി പദ്ധതികള്‍ നിലച്ചിരിക്കുകയാണ്. കഞ്ചിക്കോട് വ്യവസായ മേഖലക്ക് പുറമെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്.
മുൻവര്‍ഷങ്ങളിലും തിരഞ്ഞെടുപ്പ് സമയത്ത് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നെങ്കിലും ഇത്തവണ കൂടുതല്‍ പേരാണ് മടങ്ങിയതെന്നും വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട ആശങ്കകളും തെറ്റായ പ്രചാരണങ്ങളുമാണ് കാരണമായതെന്നും കരാറുകാര്‍ പറയുന്നു. ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ രണ്ട് മാസം കഴിഞ്ഞാണ് തിരിച്ചുവരുക. എന്നാൽ ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിലർ നാട്ടില്‍ തന്നെ തൊഴില്‍ ലഭിച്ചതിനാല്‍ തിരിച്ചുവരാന്‍ താത്പര്യമില്ല.
Photo and News Source: Siraj Live



