ന്യൂഡൽഹി: വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണ്ണയ ബില്ലും മറവിൽ ബിജെപി സർക്കാർ ജനാധിപത്യത്തിനെതിരെ ആക്രമണം നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലോക്സഭയിൽ ആരോപിച്ചു. ചർച്ചയുടെ യഥാർത്ഥ ദിശ മാറ്റാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. 2023-ൽ ഈ നിയമം വന്നപ്പോൾ കോൺഗ്രസ് പിന്തുണച്ചതാണെന്നും ഇന്നും പിന്തുണയ്ക്കുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.
850 സീറ്റുകളിലെ ദുരൂഹത നിലവിലുള്ള 543 ലോക്സഭാ സീറ്റുകളിൽ 33 ശതമാനം സംവരണം ഉടൻ നടപ്പാക്കാൻ സർക്കാരിന് എന്താണ് തടസ്സമെന്ന് പ്രിയങ്ക ചോദിച്ചു. ലോക്സഭാ സീറ്റുകൾ 850 ആയി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നും അവർ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ തുടങ്ങിയ സ്വതന്ത്ര സ്ഥാപനങ്ങളെ സമ്മർദ്ദത്തിലാക്കിയ ശേഷം ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വയനാട് എംപി പറഞ്ഞു.
ചരിത്രം ഓർമ്മിപ്പിച്ച് പ്രിയങ്ക, വനിതാ സംവരണത്തിന്റെ ചാമ്പ്യന്മാരായി ബിജെപി സ്വയം ചമയുകയാണെന്ന് പരിഹസിച്ചു. സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരെ വേഗത്തിൽ തിരിച്ചറിയുമെന്നും അവർ പറഞ്ഞു. മോത്തിലാൽ നെഹ്‌റുവാണ് വനിതാ സംവരണത്തിന് അടിത്തറയിട്ടതെന്നും രാജീവ് ഗാന്ധി പഞ്ചായത്തുകളിലും നഗരസഭകളിലും സംവരണം കൊണ്ടുവന്നതെന്നും പി.വി. നരസിംഹ റാവു പാസാക്കിയതെന്നും പ്രിയങ്ക ഓർമ്മിപ്പിച്ചു.
Photo and News Source: Kvartha



