ചെന്നൈ: വിജയിയുടെ പുതിയ ചിത്രം 'ജനനായകൻ' ചോർന്ന സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ചെന്നൈ സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ മുൻപേ അറസ്റ്റിലായിരുന്നു. ജനനായകൻ ചോർത്തിയ പ്രധാന പ്രതി ഒരു ഫ്രീലാൻസ് എഡിറ്ററും സിനിമയുടെ അസിസ്റ്റന്റ് എഡിറ്ററുമാണ്. സ്റ്റുഡിയോയിൽ പ്രവർത്തിക്കുമ്പോൾ അനധികൃതമായി ദൃശ്യങ്ങൾ കൈകാര്യം ചെയ്ത് ഓൺലൈനിൽ പ്രചരിപ്പിച്ചതായി പോലീസ് ആരോപിക്കുന്നു. പ്രധാന പ്രതിക്കൊപ്പം രണ്ടുപേർ സഹായികളായി പ്രവർത്തിച്ചിരുന്നു.

ഈ അറസ്റ്റോടെ ചോർച്ച സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ എണ്ണം ഒമ്പതായി. മദ്രാസ് ഹൈക്കോടതി ഇന്റർനെറ്റ് സേവനദാതാക്കളെയും കേബിൾ ടിവി ചാനലുകളെയും വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിലക്കിയ ഉത്തരവ് പുറപ്പെടുവിച്ചു. സംഭവവുമായി ബന്ധപ്പെട്ട 300-ലധികം ലിങ്കുകൾ നീക്കം ചെയ്തിരുന്നു. സംസ്ഥാന സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ സെന്റർ വിവിധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രത്യേക സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചു.

Photo and News Source: Media Mangalam