കാസറഗോഡിലെ വാമഞ്ചൂരിൽ റിപ്പര്‍ ചന്ദ്രൻ കേസിലെ പ്രധാന ദൃക്സാക്ഷി ബാലചന്ദ്ര (53) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്ത് ശാസ്താക്ഷേത്രത്തിനു സമീപമുള്ള വീട്ടിലായിരുന്നു മൃതദേഹം. ബുധനാഴ്ച വൈകിട്ട് സഹോദരി ശശികല വീട്ടിലെത്തിയപ്പോഴാണ് ദുരന്തം അറിയുന്നത്. മൂന്നു ദിവസമായി ഫോൺ എടുക്കാതിരുന്നതിനെ തുടർന്നായിരുന്നു പരിശോധന.
ബാലചന്ദ്ര ക്ഷേത്ര പൂജാരിമാരുടെ സഹായിയായി ജോലി ചെയ്തിരുന്നു. റിപ്പര്‍ ചന്ദ്രൻ കൊലപ്പെടുത്തിയ നരസപ്പയ്യ ഹന്തെയുടെ മകനായിരുന്നു അദ്ദേഹം. 1985-ൽ നടന്ന കൊലപാതകത്തിൽ വിശ്വനാഥനെ ആദ്യം തലക്കടിച്ചു കൊന്ന റിപ്പര്‍ ചന്ദ്രൻ, തുടർന്ന് അകത്തു കയറി നരസപ്പയ്യ ഹന്തെയെയും തലക്കടിച്ചു. ഭാര്യയേയും ആക്രമിച്ചു. ബാലചന്ദ്രയ്ക്ക് അന്ന് 13 വയസ്സായിരുന്നു.
തലക്കടിയേറ്റ മാതാവ് ഇന്ദിര ഹന്തെ അബോധാവസ്ഥയിൽ കഴിയുകയും, പിന്നീട് വാര്‍ധക്യസഹജമായ അസുഖം മൂലം മരണപ്പെടുകയും ചെയ്തു. കൊലപാതക സമയത്ത് ബാലചന്ദ്രയും സഹോദരിമാരും വീട്ടിലുണ്ടായിരുന്നു. വാമഞ്ചൂരിലെ 14 കൊലക്കേസുകളിൽ പ്രതിയായ റിപ്പര്‍ ചന്ദ്രന് ബാലചന്ദ്രയുടെ മൊഴി അടിസ്ഥാനമാക്കി തൂക്കുശിക്ഷ വിധിച്ചു. രാഷ്ട്രപതി ദയാഹരജി തള്ളിയതോടെ 1991-ൽ കണ്ണൂര്‍ സെൻട്രൽ ജയിലിൽ തൂക്കിക്കൊല്ലപ്പെട്ടു.
Photo and News Source: Samakalika Malayalam



