വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാമുഖ്യം നൽകി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുന്നു. ഫോൺ നമ്പർ പങ്കുവെക്കാതെ പ്രത്യേക യൂസർനെയിം ഉപയോഗിച്ച് മെസേജുകൾ അയക്കാനും കോൺടാക്റ്റുകളിൽ ചേർക്കാനുമുള്ള സൗകര്യം വരുന്നു. ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളിൽ നിലവിലുള്ള ഈ സംവിധാനം, അപരിചിതരുമായുള്ള ആശയവിനിമയത്തിൽ സുരക്ഷ വർദ്ധിപ്പിക്കും.
യൂസർനെയിമിനൊപ്പം, മെസേജുകൾക്കായി വ്യൂ വൺസ് ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. ഈ മോഡിൽ അയക്കുന്ന ടെക്സ്റ്റ് മെസേജുകൾ വായിച്ചാലുടൻ സ്വയം ഡിലീറ്റ് ആയി പോകും. ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം ഇപ്പോൾ സാധാരണ സന്ദേശങ്ങൾക്കും ഉപയോഗിക്കാൻ കഴിയും. സംഭാഷണങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ ആഗ്രഹമില്ലാത്തവർക്കും സ്വകാര്യ വിവരങ്ങൾ കൈമാറുന്നവർക്കും ഈ ഫീച്ചർ ഏറെ പ്രയോജനകരമാണ്.
ഐഫോൺ ഉപയോക്താക്കളുടെ പുതിയ സുരക്ഷാ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തിലാണ് വാട്സ്ആപ്പിന്റെ ഈ നീക്കം. മെസേജുകൾ എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി അവകാശപ്പെടുമ്പോഴും ക്ലൗഡ് ബാക്കപ്പുകളുടെ സുരക്ഷയെക്കുറിച്ച് വിമർശനങ്ങൾ നിലനിൽക്കുന്നു. 95 ശതമാനം മെസേജുകളും എൻക്രിപ്ഷൻ ഇല്ലാതെയാണ് ക്ലൗഡിൽ സൂക്ഷിക്കപ്പെടുന്നതെന്ന് ടെലിഗ്രാം മേധാവി പാവൽ ദുറോവ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ വെല്ലുവിളികൾക്കിടയിലാണ് പുതിയ ഫീച്ചറുകളിലൂടെ ഉപയോക്താക്കളുടെ വിശ്വാസം നിലനിർത്താൻ വാട്സ്ആപ്പ് ശ്രമിക്കുന്നത്.
Photo and News Source: Malayalam Express



