തിരുവനന്തപുരം: കരാർ കാലാവധി കഴിഞ്ഞ 14 മാസത്തോളം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ കാർബൊറാണ്ടം യൂണിവേഴ്‌സലിന് സർക്കാർ അനുവാദം നൽകിയതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 2024 ഡിസംബർ 31ന് കരാർ അവസാനിച്ചെങ്കിലും, സംസ്ഥാന വൈദ്യുത ബോർഡിന്റെ നഷ്ടത്തിന് ഇടയാക്കിയ ഈ തീരുമാനം വഴി കമ്പനി 56 കോടി രൂപയുടെ ലാഭം നേടി.

യൂണിറ്റ് ഒന്നിന് 40 പൈസ ഉല്പാദനചെലവുള്ള വൈദ്യുതി 10-14 രൂപയ്ക്ക് പീക്ക് അവറുകളിൽ സ്വകാര്യ കമ്പനികൾക്ക് വിറ്റു. നിയമപ്രകാരം കരാർ അവസാനിച്ചതോടെ സ്വതന്ത്രമായി വൈദ്യുതി വിൽക്കാനുള്ള അവകാശം ലഭിച്ച കമ്പനി, ഈ സമയം കേരളത്തിന് ആവശ്യമായ വൈദ്യുതി ഇല്ലാതെ ബോർഡ് വൻതുകയ്ക്ക് പുറത്തുനിന്ന് വാങ്ങിക്കൂട്ടിയതും ശ്രദ്ധേയമാണ്. 12 മെഗാവാട്ട് ഉള്ള ഈ പദ്ധതി മണിക്കൂറിൽ 12,000 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബോർഡ് നിയന്ത്രണത്തിലായിരുന്നെങ്കിൽ 40 പൈസയ്ക്ക് ഉല്പാദിപ്പിക്കാവുന്ന വൈദ്യുതി നഷ്ടപ്പെട്ടു.

Photo and News Source: Newsthen