ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ അവതരണം ചരിത്രനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും മാറ്റിമറിക്കാൻ ഈ ബില്ല് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ഭരണത്തിൽ ഉൾപ്പെടുത്താനുള്ള വലിയ അവസരമാണിതെന്നും, ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും മോദി ആവശ്യപ്പെട്ടു. ബില്ലിൽ രാഷ്ട്രീയം കാണരുതെന്നും, എതിർക്കുന്നവർക്ക് രാജ്യം മാപ്പ് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഈ വികസനയാത്രയിൽ പുതിയ മാനം ചേർക്കാൻ പവിത്രമായ അവസരം ലഭിച്ചിരിക്കുന്നു.
രാജ്യത്തിന്റെ നിർമ്മാണപ്രക്രിയയിൽ ജനസംഖ്യയുടെ പകുതിയോളം പേരെ ഉൾപ്പെടുത്താനുള്ള ഭാഗ്യമാണ് നമുക്ക്," എന്ന് മോദി അഭിപ്രായപ്പെട്ടു. 25-30 വർഷങ്ങൾക്ക് മുമ്പ് ഈ ബില്ല് നടപ്പിലാക്കേണ്ടതായിരുന്നു. ഇന്നാണ് അതിനുള്ള അവസരം. ഈ പ്രധാനപ്പെട്ട അവസരം എം. പിമാർ നഷ്ടപ്പെടുത്തരുതെന്നും, രാജ്യത്തിന് പുതിയ ദിശാബോധം നൽകാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണസംവിധാനത്തെ സംവേദനക്ഷമമാക്കാനും ഈ ബില്ല് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ സൗന്ദര്യമാണിതെന്നും, നമ്മുടേത് ജനാധിപത്യത്തിന്റെ മാതാവാണെന്നും മോദി അഭിപ്രായപ്പെട്ടു.
ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വിശദമായ വിവരങ്ങൾ സഭയ്ക്ക് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Photo and News Source: Janmabhumi



