കോഴിക്കോട്: ചൂടുകാലത്തെ രോഗങ്ങളെക്കുറിച്ച് കൂടുതൽ കരുതലോടെ ഇരിക്കേണ്ട സമയമാണിത്. ജനുവരിമുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 1,76,053 പേർക്ക് വയറിളക്കം ബാധിച്ചു. ഇതിൽ രണ്ടു മരണവും റിപ്പോർട്ടു ചെയ്തു. ഏപ്രിലിൽ മാത്രം 33,148 പേർക്ക് രോഗം പിടിപെട്ടു. ചിക്കൻപോക്സ് ബാധിച്ചവരുടെ എണ്ണം 17,745 ആയി. അതിൽ അഞ്ചു മരണവും റിപ്പോർട്ടു ചെയ്തു. ഏപ്രിലിൽ 3,337 പേർക്ക് രോഗം പിടിപെട്ടു. മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 2,336 ആയി. അതിൽ 15 പേർ മരിച്ചു.
ഡെങ്കിപ്പനി ബാധിച്ച 1,395 പേരിൽ 10 പേർ മരിച്ചു. എലിപ്പനി ബാധിച്ച 477 പേരിൽ 10 പേർ മരിച്ചു. ഡോ. കെ. കെ. രാജാറാം പറയുന്നതനുസരിച്ച്, ജനുവരിമുതൽ ജൂൺവരെയുള്ള സമയത്താണ് ചിക്കൻപോക്സ് കൂടുതൽ പടരുന്നത്. വെള്ളത്തിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് വയറിളക്കവും മഞ്ഞപ്പിത്തവും വരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നിർദ്ദേശിക്കുന്നു. പ്രായമായവരും കുഞ്ഞുങ്ങളും രോഗപ്രതിരോധശേഷി കുറവുള്ളവരും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഉപ്പിട്ട വെള്ളം കൈയിൽ കരുതുന്നത് ബി. പി. കുറവുള്ളവർക്കും നല്ലതാണ്.
ഉപ്പും മധുരവും ചേർന്ന വെള്ളമാണ് കൂടുതൽ ഫലപ്രദം.
Photo and News Source: Mathrubhumi









