മീററ്റും പ്രയാഗ്രാജും തമ്മിൽ 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ അതിവേഗ പാത സംസ്ഥാനത്തെ വ്യവസായ, കാർഷിക, ചരക്ക് നീക്ക മേഖലകളിൽ വിപ്ലവകരമായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ മീററ്റിൽ നിന്ന് പ്രയാഗ്രാജിലെത്താൻ 10-12 മണിക്കൂർ എടുക്കുമ്പോൾ, പുതിയ എക്സ്പ്രസ് വേ ഉപയോഗിച്ച് ഇത് 6-8 മണിക്കൂറായി ചുരുങ്ങും. നിലവിൽ ആറുവരി പാതയായാണ് നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ എട്ടുവരിയാക്കി വികസിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.

മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്. മീററ്റ്, ഹാപ്പൂർ, ബുലന്ദ്ഷഹർ, അംറോഹ, സംഭാൽ, ബദായൂൻ, ഷാജഹാന്പൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ 12 ജില്ലകളിലൂടെ ഈ പാത കടന്നുപോകുന്നു.

ഷാജഹാന്പൂരിന് സമീപം 3.2 കിലോമീറ്റർ ദൈർഘ്യമുള്ള എയർസ്ട്രിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, സിസിടിവി ക്യാമറകൾ, എമർജൻസി കോൾ ബോക്സുകൾ, ആംബുലൻസ് സൗകര്യം എന്നിവ പാതയിലുടനീളം ലഭ്യമാണ്. 7,000 ഏക്കറിൽ വ്യവസായ ക്ലസ്റ്ററുകളും ചരക്ക് നീക്ക കേന്ദ്രങ്ങളും വികസിപ്പിക്കുന്നുണ്ട്.

Photo and News Source: Sathyam Online