മെൽബണിൽ നിന്നുള്ള വാർത്ത: ഓസ്‌ട്രേലിയൻ സർക്കാർ ഗൂഗിൾ, മെറ്റ, ടിക്‌ടോക് തുടങ്ങിയ ആഗോള ടെക് കമ്പനികളിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് അർഹമായ പ്രതിഫലം ഉറപ്പാക്കാൻ പുതിയ നിയമം കൊണ്ടുവരുന്നു. പുതിയ നിയമപ്രകാരം, ഈ കമ്പനികൾ ഓസ്‌ട്രേലിയയിൽ നിന്നുള്ള വരുമാനത്തിന്റെ 2.25% നികുതിയായി നൽകേണ്ടി വരും. മാധ്യമ പ്രവർത്തനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും മാധ്യമ സ്ഥാപനങ്ങൾക്ക് വിഹിതം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.

ജൂലൈ രണ്ടിന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ഈ നിയമത്തിന്റെ കരട് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിടുകയുണ്ടായി. നിലവിലുള്ള 'ന്യൂസ് മീഡിയ ബാർഗെയിനിംഗ് കോഡ്' പോലും പല കമ്പനികളും പാലിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ കർശന നിയമം കൊണ്ടുവരുന്നത്. മെറ്റ, ഈ നിയമത്തിനെതിരെ നിലപാടെടുക്കുകയും, മാധ്യമ സ്ഥാപനങ്ങൾ സ്വതന്ത്രമായി ഉള്ളടക്കം പങ്കുവെക്കുന്നുവെന്നും നിർബന്ധിത പണം നൽകൽ ശരിയല്ലെന്നും വാദിക്കുന്നു.

ഓസ്‌ട്രേലിയയുടെ ഈ നീക്കം വിജയിക്കുകയാണെങ്കിൽ, ലോകത്തിലെ മറ്റ് രാജ്യങ്ങളും സമാന നിയമനിർമ്മാണത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. മാധ്യമ വ്യവസായത്തിന്റെ ഭാവി മാറ്റത്തിന് ഈ നിയമം നിർണായകമായിരിക്കും.

Photo and News Source: Sathyam Online