വാഷിങ്ടൺ | അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക പാസ്‌പോർട്ടുകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്താൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. നിലവിലുള്ള നിയമങ്ങൾ ലംഘിച്ചുകൊണ്ട് സർക്കാർ രേഖകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. പാസ്‌പോർട്ടിൽ ചിത്രം ഉൾപ്പെടുത്തുന്ന ആദ്യത്തെ ജീവിച്ചിരിക്കുന്ന പ്രസിഡന്റായി ട്രംപ് മാറും.
ഈ വർഷം പരിമിതമായ എണ്ണത്തിൽ മാത്രം പ്രത്യേക പാസ്‌പോർട്ട് പുറത്തിറക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപന രേഖയുടെ പശ്ചാത്തലത്തിൽ ട്രംപിന്റെ ഔദ്യോഗിക ചിത്രവും, സ്വർണ്ണനിറത്തിലുള്ള ഒപ്പും പാസ്‌പോർട്ടിൽ ഉൾപ്പെടുത്തും. സ്ഥാപക പിതാക്കന്മാരുടെ ചരിത്രപരമായ ചിത്രവും മറ്റൊരു പേജിലുണ്ടാകും.
വാഷിങ്ടൺ ഡി.സിയിലെ പാസ്‌പോർട്ട് ഓഫീസിൽ അപേക്ഷിക്കുന്നവർക്കുമാത്രമേ ഈ പ്രത്യേക പാസ്‌പോർട്ട് ലഭിക്കൂ. അധിക തുക ഈടാക്കില്ലെന്നും സ്റ്റോക്ക് തീരുന്നതുവരെ മാത്രമേ വിതരണം ചെയ്യൂ എന്നും അധികൃതർ വ്യക്തമാക്കി. ലോക ജനാധിപത്യ രാജ്യങ്ങളിൽ ഭരണാധികാരിയുടെ ചിത്രം പാസ്‌പോർട്ടിൽ ഉൾപ്പെടുത്തുന്നത് അപൂർവ്വമാണ്. മുൻപ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് പതിപ്പിക്കാനും ട്രഷറി ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചിരുന്നു. ഇതിന് ശേഷമാണ് പാസ്‌പോർട്ടിലും മാറ്റങ്ങൾ വരുന്നത്. കെനഡി സെന്ററും ഇതിന്റെ ഭാഗമായി ഉൾപ്പെടുന്നു.
Photo and News Source: Siraj Live







