നെടുമ്പാശ്ശേരി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ ആദ്യ സംഘം തീർഥാടകർ ഇന്നെത്തും. വൈകിട്ട് 4 മണിക്ക് ക്യാമ്പിന്റെ ഉദ്ഘാടനമുണ്ട്. ഫ്ലൈനാസ് എയർവേസിന്റെ വിമാനത്തിലാണ് ആദ്യ സംഘത്തിന്റെ യാത്ര. നാളെ ഉച്ചക്ക് 2. 10ന് പുറപ്പെടുന്ന വിമാനത്തിലാണ് ആദ്യ സംഘം യാത്രയാകുന്നത്. റിപോർട്ട് ചെയ്യാനുള്ള സമയം വൈകിട്ട് 4 മുതൽ 7 വരെയാണ്.
വിമാനത്താവളത്തിലെ ടി-3 ടെർമിനലിൽ എത്തിയ ശേഷം രജിസ്ട്രേഷനും ലഗേജ് കൈമാറ്റവും പൂർത്തിയാക്കും. ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തിൽ ക്യാമ്പിലേക്ക് യാത്രയാകും. ഈ വർഷം ഹജ്ജിന് അനുമതി ലഭിച്ച 13,194 പേരിൽ 7,943 പേരും നെടുമ്പാശ്ശേരി വഴി യാത്രയാകും. ലക്ഷദ്വീപിൽ നിന്നുള്ള 107 പേരും ഇതിൽ ഉൾപ്പെടുന്നു. ഹജ്ജ് യാത്ര രണ്ട് ഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ആദ്യ ഘട്ടത്തിൽ 20 സർവീസുകളാണ്. ഓരോ വിമാനത്തിലും 430 പേർ വീതം യാത്രയാകും.
ഇവർ 40 മുതൽ 45 ദിവസം വരെ മക്കയിലും മദീനയിലും ചെലവഴിക്കും. ആദ്യഘട്ടം അടുത്തമാസം 8-ന് അവസാനിക്കും. അടുത്ത ഘട്ടം 17-ന് തുടങ്ങി 19-ന് അവസാനിക്കും.
Photo and News Source: Siraj Live







