കോട്ടയത്ത് ഇന്നലെ സംസ്ഥാനത്ത് അൾട്രാവയലറ്റ് (യുവി) സൂചികയിൽ കുറവ് രേഖപ്പെടുത്തി. ഓറഞ്ച് അലർട്ടിൽ എത്തിയിരുന്ന കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സൂചിക ഏഴായി കുറഞ്ഞു. എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ആറായിരുന്ന യുവി സൂചിക. മേഘസാന്നിധ്യം കാരണമാണ് സൂചിക താഴ്ന്നത്.

ഇന്ന് സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പില്ല. മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും മുകളിലുള്ള പ്രതിചക്രവാതത്തിന്റെ സ്വാധീനം അടുത്ത ദിവസങ്ങളിൽ കുറയുന്നതോടെ കേരളത്തിൽ കടുത്ത ചൂടിൽനിന്നും ചെറിയ ആശ്വാസം ലഭിക്കും. പരക്കെ മഴ സാധ്യത ഇല്ലെങ്കിലും എല്ലാ ജില്ലകളിലും ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

പ്രാദേശികമായി കൂടുതൽ ഇടങ്ങളിൽ മഴ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ചൂട് പൂർണമായും കുറയില്ലെങ്കിലും കടുത്ത ചൂടിൽനിന്ന് ആശ്വാസം ലഭിക്കും. വരും ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം അഭിപ്രായപ്പെട്ടു. 30, മെയ് ഒന്ന്, രണ്ട് തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Photo and News Source: Janmabhumi