റിയാദ്: ഹജ്ജ് അനുമതി ഇല്ലാതെ പുണ്യകർമ്മങ്ങൾ നിർവഹിക്കാൻ ശ്രമിക്കുന്നവർക്കും അവർക്കു സഹായിക്കുന്നവർക്കും കടുത്ത ശിക്ഷ നടപ്പിലാക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഏപ്രിൽ 18 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, അനുമതി ഇല്ലാതെ ഹജ്ജിനു ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ഈടാക്കും. വിസിറ്റ് വിസയിലുള്ളവർക്ക് നിയമവിരുദ്ധമായി ഹജ്ജിനു സൗകര്യമൊരുക്കുന്നവർക്കും താമസസൗകര്യം നൽകുന്നവർക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
നിശ്ചിത കാലയളവിൽ അനുമതി ഇല്ലാതെ മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നവർക്കും സമാനമായ പിഴ ലഭിക്കും. വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തുടരുന്നവരും മക്കയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന പ്രവാസികളും ഉടൻ തന്നെ നാടുകടത്തപ്പെടും. 10 വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടും. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇവർക്കു അഭയം നൽകുന്നതും കുറ്റകരമാണ്.
നിയമവിരുദ്ധമായി ആളുകളെ പുണ്യനഗരികളിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും സഹായികളെ അറസ്റ്റ് ചെയ്യാനും ഉത്തരവുണ്ട്. നിയമവിരുദ്ധമായി രാജ്യത്തു തങ്ങുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ആഭ്യന്തര മന്ത്രാലയം നൽകിയ മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടതാണ്.
Photo and News Source: Mathrubhumi


