മലപ്പുറം | ഈ വർഷത്തെ ഹജ്ജ് യാത്രക്കുള്ള ഒരുക്കങ്ങൾ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും പൂർത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് വെളിപ്പെടുത്തി. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30-ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 7 മണിക്ക് കൊച്ചിയിൽ നടക്കും.

കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നീ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്ന് 13,194 മലയാളി തീർഥാടകർ പുണ്യഭൂമിയിലേക്ക് യാത്രയാകും. കൊച്ചിയിൽ നിന്ന് 7,943 പേരും, കണ്ണൂരിൽ നിന്ന് 4,279 പേരും, കോഴിക്കോട് നിന്ന് 944 പേരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരും കേരളത്തിലെ കേന്ദ്രങ്ങൾ വഴി യാത്ര തിരിക്കും.

ആദ്യവിമാനം 30-ന് കൊച്ചിയിൽ നിന്ന് ഉച്ചക്ക് 2.10-ന് 430 തീർഥാടകരുമായി ഫ്ലൈനാസ് എയർലൈൻസ് യാത്രയാകും. 20 സർവീസുകളിലായി 430 പേരെ കൊണ്ടുപോകാൻ ഏർപ്പാടാക്കിയിട്ടുണ്ട്. 30 മുതൽ അടുത്ത മാസം 8 വരെ 17 നോർമൽ സർവീസുകളും, 17 മുതൽ 19 വരെ മൂന്ന് ഷോർട്ട് ഹജ്ജ് സർവീസുകളുമാണ് നടത്തുന്നത്. കണ്ണൂരിൽ നിന്ന് ഫ്ലൈ അദീൽ എയർലൈൻസ് 350 പേരെ 13 സർവീസുകളിലായി കൊണ്ടുപോകും. കോഴിക്കോട് നിന്ന് ആകാശ് എയർലൈൻസ് 145 പേരെ 7 സർവീസുകളിലായി യാത്രയാക്കും.

Photo and News Source: Siraj Live