തൃശ്ശൂരിൽ പകൽപ്പൂരം പൂർത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും പടിഞ്ഞാറേ നടയിലെത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞു. അടുത്ത പൂരം 2025 ഏപ്രിൽ 17-നാണ്. രാവിലെ ഏഴരയോടെ മണികണ്ഠനാലിൽ നിന്ന് പതിനഞ്ച് ആനകളുടെ അകമ്പടിയോടെ ശിവകുമാർ പാറമേക്കാവിലമ്മയുടെ തിടമ്പേറ്റി എഴുന്നള്ളി.

കിഴക്കൂട്ട് അനിയൻമാരാര് മേളപ്രമാണിയായി. പത്തുമണിയോടെ ശ്രീമൂലസ്ഥാനം പന്തലിലേക്ക്. രണ്ടുമണിക്കൂർ നീണ്ട കൊട്ടിക്കലാശത്തിനുശേഷം നായ്ക്കനാലിൽ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി തിരുവമ്പാടി ഭഗവതി എഴുന്നള്ളി. ചെറുശേരി കുട്ടൻ മാരാര് മേളപ്രമാണിയായി.

പത്തുമണിയോടെ തിരുവമ്പാടിയും ശ്രീമൂലസ്ഥാനം പന്തലിലേക്ക്. ആദ്യം പാറമേക്കാവ് മേളം കലാശിച്ചു. പടിഞ്ഞാറേ നടയിലേക്ക് ഭഗവതി എത്തി തിരുവമ്പാടിക്കായുള്ള കാത്തിരിപ്പ്. പിന്നീട് തിരുവമ്പാടി വടക്കുന്നാഥനെ വണങ്ങാന് ക്ഷേത്രത്തിനകത്ത് കയറി. പാറമേക്കാവ് നടുവിലാല് ഗണപതിയെ വണങ്ങാനായി താഴേക്കും വന്നു. പന്ത്രണ്ടരയോടെ ഇനി അടുത്ത കൊല്ലം കാണാമെന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു.

Photo and News Source: Janmabhumi