ന്യൂഡൽഹി: ദേശീയ പാതകളിലെ വാഹനങ്ങളുടെ അമിതഭാര നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ പുതിയ നിയമം നടപ്പിലാക്കുന്നു. ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമപ്രകാരം, വാഹനങ്ങളിലെ ഭാരത്തിന്റെ ശതമാനമനുസരിച്ച് പിഴ ഈടാക്കും. അനുവദനീയ ഭാരത്തേക്കാൾ 10% കൂടുതൽ വരെ പിഴയില്ലാത്ത സൗകര്യം ഉണ്ടെങ്കിലും, 10% മുതൽ 40% വരെ കൂടിയാൽ അടിസ്ഥാന ടോൾ നിരക്കിന്റെ ഇരട്ടി പിഴയും, 40% കൂടിയാൽ നാല് മടങ്ങ് പിഴയും ഈടാക്കും.

പുതിയ നിയമം സുരക്ഷിത ചരക്കുനീക്കവും ഹൈവേ ഇൻഫ്രാസ്ട്രക്ചറിന്റെ സംരക്ഷണവും ലക്ഷ്യമിടുന്നു. വാഹനങ്ങളുടെ ഭാരം അളക്കാൻ 'വെയിറ്റ്-ഇൻ-മോഷൻ' (WIM) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കും. ഇതിലൂടെ വാഹനം നിർത്താതെ തന്നെ ഭാരം കൃത്യമായി അളക്കാൻ സാധിക്കും. സർട്ടിഫൈഡ് ഉപകരണങ്ങളില്ലാത്ത ടോൾ പ്ലാസകളിൽ പിഴ ഈടാക്കാൻ പാടില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. നിയമലംഘന വിവരങ്ങൾ 'വാഹൻ' ദേശീയ രജിസ്റ്ററിൽ രേഖപ്പെടുത്തും.

Photo and News Source: Kvartha