ചെന്നൈ: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പുനരധിവാസത്തിന് താലൂക്ക് തലത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ചു. പൊതു ഇടങ്ങളിൽ നിന്നുള്ള തിരസ്കരണമാണ് ട്രാൻസ്‌ജെൻഡർ സമൂഹത്തെ ഭിക്ഷാടനത്തിലേക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്കും നയിക്കുന്നതെന്ന് ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ജീവനോപാധികൾ കണ്ടെത്തുന്നതിനായി സമഗ്ര പുനരധിവാസ പദ്ധതി ആവിഷ്കരിക്കണമെന്നും താലൂക്ക് തലത്തിൽ നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. അവരും ദൈവത്തിന്റെ മക്കളാണ്. സമൂഹത്തിന്റെ അന്ധത മൂലമാണ് അവർ പലയിടത്തുനിന്നും തിരസ്കരിക്കപ്പെടുന്നത്. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ട ആവശ്യമുണ്ട് എന്ന് കോടതി വ്യക്തമാക്കി.
പോലീസ് സ്റ്റേഷനിൽ ട്രാൻസ് വനിത ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യൂട്യൂബർ വി. ശരത് കുമാറിനെതിരെ കേസ് ഫയൽ ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് ആരോപണം. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് യൂട്യൂബർ അവകാശപ്പെട്ടു. കോടതി ഈ സംഭവത്തെ അപലപിച്ചു.
Photo and News Source: Mathrubhumi



