പത്തനംതിട്ടയിലെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ കാണാതായ തിരുവാഭരണത്തോടൊപ്പമുള്ള കാണിപ്പൊന്ന് തിരികെ ലഭിച്ചു. വിഷുദിനത്തിൽ രാവിലെ തൊഴാൻ എത്തിയ ഒരാൾ, വിഷുക്കൈ നീട്ടമാണെന്ന് തെറ്റിദ്ധരിച്ച് നാണയം പോക്കറ്റിലിട്ട് കൊണ്ടുപോയിരുന്നു. ബുധനാഴ്ച രാവിലെ ആറുമണിയോടെ കാണാതായ വിവരം അധികൃതർക്ക് അറിയുകയും, ക്ഷേത്രഭാരവാഹികൾ പന്തളം പോലീസിനെ വിവരമറിയിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, കാണിപ്പൊന്നെടുത്തയാളെ കണ്ടെത്തി. ഇയാൾ, വിഷുക്കൈനീട്ടമാണെന്ന വിശ്വാസത്തിലാണെന്ന് പോലീസിനോട് പറഞ്ഞു. ബോധപൂർവ്വമല്ലാത്തതിനാൽ ഇയാളുടെ വിശദീകരണം രേഖപ്പെടുത്തി. തുടർന്ന് കാണിപ്പൊന്ന് തിരികെ വാങ്ങി ക്ഷേത്ര അധികൃതർക്ക് കൈമാറി. തിരുവാഭരണത്തിലെ പ്രധാനഭാഗമായ കാണിപ്പൊന്ന് തിരികെ ലഭിച്ചതോടെ ആശങ്കകൾക്ക് അന്ത്യമായി.
Photo and News Source: Newsthen


