ലിവിംഗ് ടുഗെദർ ബന്ധങ്ങളെ സംബന്ധിച്ച് സുപ്രീം കോടതി നിർണായക നിരീക്ഷണം നടത്തി. ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്ന് പങ്കാളി പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. വർഷങ്ങളോളം ഒരുമിച്ച് ജീവിക്കുകയും കുട്ടിയുണ്ടാവുകയും ചെയ്ത ശേഷമുള്ള വേർപിരിയലിനെ ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാഹത്തിന് പുറത്ത് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിൽ അപകടസാധ്യതകൾ ഉണ്ട് എന്നും കോടതി ഓർമ്മിപ്പിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ലൈംഗികാതിക്രമമായി മാറുന്നതെങ്ങനെ എന്ന ചോദ്യവും ഉയർത്തി. വർഷങ്ങളോളം നീണ്ട ബന്ധത്തിന് ശേഷമുള്ള വേർപിരിയലിനെ ബലാത്സംഗം എന്ന് ആരോപിക്കുന്നത് സാധാരണ രീതിയായി മാറിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ചതായി യുവതി ആരോപിച്ചതിനെ കോടതി തള്ളി. വിവാഹം കഴിക്കാതെ ആ പുരുഷനോടൊപ്പം താമസിക്കാനും കുട്ടിയുണ്ടാകാനും തീരുമാനിച്ചതിന് യുവതിയോട് കോടതി ചോദിച്ചു. കുട്ടിക്ക് ജീവനാംശം തേടാൻ നിയമപരമായ വഴികളുണ്ടെന്നും കോടതി വ്യക്തമാക്കി. ലിവിംഗ് ടുഗെദർ ബന്ധത്തിന്റെ തകർച്ചയെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഊന്നിപ്പറഞ്ഞു.
Photo and News Source: Malayalam Express



