മുംബൈയിലെ പൈധോണിയിൽ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് നാല് പേരടങ്ങുന്ന കുടുംബം ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെട്ടു. 40-കാരനായ അബ്ദുല്ല ഡോക്കാഡിയ, ഭാര്യ നസ്‌റീൻ ഡോക്കാഡിയ (35), മക്കളായ ആഇശ (16), സൈനബ് (13) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

ശനിയാഴ്ച രാത്രി 10:30 ഓടെ ബിരിയാണിയും തണ്ണിമത്തനും കഴിച്ച ഇവർക്ക് പുലർച്ചെ 1:00-നും 1:30-നും ഇടയിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 5:30 ഓടെ കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടായി. തുടക്കത്തിൽ കുടുംബ ഡോക്ടറുടെ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് ജെജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഞായറാഴ്ച രാവിലെ 10:15 ഓടെ സൈനബ് ആദ്യം മരണപ്പെട്ടു. തുടർന്ന് അബ്ദുല്ല, നസ്‌റീൻ, ആഇശ എന്നിവരും മരണപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം മാത്രമേ യഥാർഥ കാരണം സ്ഥിരീകരിക്കാൻ സാധിക്കൂ. സംഭവത്തിൽ ജെജെ മാർഗ് പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബിരിയാണി കഴിച്ച ബന്ധുക്കൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ടുണ്ട്.

Photo and News Source: Kvartha