കൊല്ലം: കെ.എസ്.ആർ.ടി.സി. ബസുകളിൽ ‘കെ.എൽ-15’ ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ തീരുമാനിച്ചു. ഒരു കുപ്പി വെള്ളത്തിന് 13 രൂപ നിശ്ചയിച്ചിരിക്കുന്നു. കേരള സർക്കാരിന്റെ ‘ഹില്ലി അക്വാ’ ബ്രാൻഡാണ് ഈ വെള്ളം വിതരണം ചെയ്യുന്നത്.

രണ്ടു രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷനായി നൽകും. എന്നാൽ, തൊഴിലാളി യൂണിയനുകൾ ഈ നീക്കത്തെ രൂക്ഷമായി വിമർശിക്കുന്നു. ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളിൽ കരാർ ജീവനക്കാരെക്കൊണ്ട് വെള്ളവിൽപ്പന ആരംഭിക്കും.

കുടിവെള്ളവിൽപ്പനയ്ക്കായി പ്രത്യേക രജിസ്റ്റർ, ടിക്കറ്റ്, കാഷ് വിഭാഗം സ്ഥാപിക്കും. ഓരോ വിതരണവും രേഖപ്പെടുത്തി, അവശേഷിക്കുന്ന സ്റ്റോക്ക് കണക്കാക്കും. കണ്ടക്ടർമാർക്ക് നൽകുന്ന വെള്ളത്തിന്റെ കണക്ക് ഇ.ടി.എം. വേ-ബില്ലിൽ രേഖപ്പെടുത്തും.

ഓൺലൈൻ ടിക്കറ്റ് വാങ്ങുന്ന യാത്രക്കാർക്ക് വെള്ളം നൽകാനും ആലോചനയുണ്ട്. വെള്ളത്തിന്റെ തുക ടിക്കറ്റിനൊപ്പം ഈടാക്കും. ഒരു ദിവസം രണ്ടുലക്ഷം ഓൺലൈൻ ടിക്കറ്റ് വിൽപ്പന നടക്കുന്ന സാഹചര്യത്തിൽ, എട്ടുലക്ഷം രൂപ ലാഭമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ബജറ്റ് ടൂറിസം യാത്രക്കാർക്കും വെള്ളം നൽകും. റിസർവേഷൻ, കൂപ്പൺ, എൻക്വയറി കൗണ്ടറുകളിലും വെള്ളം വിതരണം ചെയ്യും.

Photo and News Source: Mathrubhumi