സ്വിസ് റീ റിപ്പോർട്ടനുസരിച്ച്, പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആഗോള ഇൻഷുറൻസ് വിപണിയിൽ ഇന്ത്യ പത്താം സ്ഥാനത്താണ്. 2019-ൽ 28.6 ശതമാനമായിരുന്ന ഗാർഹിക സാമ്പത്തിക ആസ്തികളിലെ ഇൻഷുറൻസ് പെൻഷൻ വിഹിതം 2025-ൽ 29.6 ശതമാനമായി ഉയർന്നു. ‘സബ്ക ബീമ, സബ്കി രക്ഷ’ നിയമഭേദഗതിയിലൂടെ ഇൻഷുറൻസ് മേഖലയിലെ എഫ്.ഡി.ഐ പരിധി 100 ശതമാനമായി ഉയർത്തി.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന വഴി 2026 ഫെബ്രുവരി വരെ 26.88 കോടി അംഗത്വങ്ങളും 10.45 ലക്ഷം ക്ലെയിമുകളും രേഖപ്പെടുത്തി. സുശക്തമായ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണാണ് ഇൻഷുറൻസ്. അപ്രതീക്ഷിത അപകടസാധ്യതകളെയും സാമ്പത്തിക ബാധ്യതകളെയും മറികടക്കാൻ വ്യക്തികളെയും ബിസിനസുകളെയും പ്രാപ്തരാക്കുന്നു.
ഭാരത സർക്കാർ വിഭാവനം ചെയ്യുന്ന ‘2047 ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ദർശനം ഓരോ പൗരനും മതിയായ ആരോഗ്യ, ജീവൻ, സ്വത്ത് ഇൻഷുറൻസ് ഉറപ്പാക്കാനാണ്. നിയന്ത്രണ പരിഷ്കാരങ്ങളും നയപരമായ മാറ്റങ്ങളും വഴി രാജ്യത്തെ ഇൻഷുറൻസ് മേഖല വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്. 2024-25-ൽ 1.8 ശതമാനം വിപണി വിഹിതത്തോടെ ലോകത്തെ പത്താമത്തെ വലിയ വിപണിയായി ഇന്ത്യ തുടരുന്നു. നിലവിൽ ഇൻഷുറൻസ് വ്യാപനം 3.7 ശതമാനമാണ് (ലൈഫ് ഇൻഷുറൻസ് 2.7%, നോൺ-ലൈഫ് 1%).
Photo and News Source: Janmabhumi










