പശ്ചിമ ബംഗാളിലെ നോർത്ത് 24 പര്‍ഗാനാസിലെ ബന്‍ഗാവോണിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ച് സ്ത്രീ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന പുതിയൊരു ബംഗാള്‍ കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സന്ദേശ്ഖാലിയിലെ അതിക്രമങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ കണക്ക് ചോദിക്കുമെന്നും ക്രിമിനലുകളെ മാളങ്ങളില്‍ തിരഞ്ഞുപിടിച്ച് നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീശക്തിയെ ശാക്തീകരിക്കുന്നതിനായി വമ്പിച്ച ക്ഷേമപദ്ധതികളും മോദി പ്രഖ്യാപിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 36,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.
സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഗര്‍ഭകാല സഹായമായി 21,000 രൂപയും പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപയും നൽകും. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും സ്തനാര്‍ബുദ പരിശോധനയും ഉറപ്പാക്കും. സംരംഭം തുടങ്ങാന്‍ 20 ലക്ഷം രൂപ വരെ ബാങ്ക് വായ്പയും ലഭിക്കും. ‘ഈ വായ്പയ്ക്ക് നിങ്ങളുടെ സഹോദരന്‍ മോദി ഗാരന്റി നില്‍ക്കും,’ എന്ന് അദ്ദേഹം ഉറപ്പുനല്‍കി.
തൃണമൂല്‍ സിന്‍ഡിക്കേറ്റുകള്‍ ബംഗാളിന്റെ കായിക പാരമ്പര്യത്തെ നശിപ്പിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. കൊല്‍ക്കത്ത സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ ബംഗാളിന് നാണക്കേടുണ്ടാക്കി. ‘ഖേലോ ഇന്ത്യ’യിലൂടെ പുതിയ കായിക സംസ്‌കാരം വളര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ ഉള്ളടക്ക നിര്‍മ്മാണത്തെയും പ്രോത്സാഹിപ്പിക്കുമെന്നും മോദി ഉറപ്പുനല്‍കി.
Photo and News Source: Janam TV



