കോട്ടയത്ത് പാമ്പാടിയില്‍ മരം മുറിക്കുന്നതിനിടെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനു സൂര്യാതപം പറ്റി. ഉദ്യോഗസ്ഥന്റെ കൈക്കായിരുന്നു പൊള്ളലേറ്റത്. ഉച്ചയ്ക്കായിരുന്നു സംഭവം. കോട്ടയത്തും ചങ്ങനാശേരിയിലും യു.വി. ഇന്‍ഡക്‌സ് ഉയർന്ന നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഓറഞ്ച് അലേർട്ടിനു സമാനമായ യു.വി. ഇന്‍ഡക്‌സ് 8 രേഖപ്പെടുത്തിയിരുന്നു.

യു.വി. ഇന്‍ഡക്‌സ് ഉയർന്ന പ്രദേശങ്ങളില്‍ സൂര്യാതപമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ സമയം ക്രമീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അഭിപ്രായപ്പെട്ടു.

പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളില്‍ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും മറ്റ് സൂക്ഷ്മ ശ്രദ്ധയുള്ള വിഭാഗങ്ങളും പ്രത്യേകം ജാഗ്രത പാലിക്കണം. പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവനും മറയുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

Photo and News Source: Sathyam Online