കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ ഭരണം അവസാനിച്ചുവെന്നും മമത ബാനർജിയുടെ അഹങ്കാരത്തിന് ജനങ്ങൾ മറുപടി നല്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നോർത്ത് 24 പര്‍ഗാനാസിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ച അദ്ദേഹം, ഒന്നാം ഘട്ട വോട്ടെടുപ്പിലെ ഉയർന്ന പോളിംഗ് ബിജെപിയുടെ വിജയം ഉറപ്പിച്ചുവെന്നും തൃണമൂല്‍ ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്‌ത്തിയെന്നും പറഞ്ഞു.
തൃണമൂല്‍-കോൺഗ്രസിന്റെ ‘മാ, മാതി, മാനുഷ്’ മുദ്രാവാക്യം മമത സർക്കാർ തന്നെ വഞ്ചിച്ചുവെന്നും ബംഗാളിലെ അമ്മമാർ ഇന്ന് കണ്ണീരൊഴുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ണ് നുഴഞ്ഞുകയറ്റക്കാരുടെ കൈകളിൽ പലായനം ചെയ്യേണ്ടി വരികയാണെന്നും മോദി ആരോപിച്ചു. മാറ്റത്തിന്റെ പേരില്‍ വന്നവർ ബംഗാളിനെ അരാജകത്വത്തിലേക്കും ‘സിൻഡിക്കേറ്റ് രാജി’ലേക്കും തള്ളിവിട്ടുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ബംഗാളിലെ യുവാക്കളുടെ സർഗ്ഗാത്മകതയെ ബിജെപി പിന്തുണയ്ക്കുമെന്ന് മോദി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ മികച്ച ഉള്ളടക്കം തയാറാക്കുന്ന കുട്ടികളെ അദ്ദേഹം പ്രശംസിച്ചു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ബംഗാളിന്റെ പുതിയ കരുത്താക്കി മാറ്റുമെന്നും ലഹരിക്ക് പകരം അവസരങ്ങളാണ് യുവാക്കൾക്ക് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിന്റെ തനിമയെ പരിഹസിക്കുന്നവർക്ക് ഇവിടുത്തെ യുവാക്കളുടെ കഴിവ് മനസ്സിലാകില്ലെന്നും ‘ത്സാല്‍ മുറി’ പരാമർശത്തിലൂടെ അദ്ദേഹം സൂചിപ്പിച്ചു.
കൊൽക്കത്തയിലെ ഫുട്ബോൾ മൈതാനങ്ങളിൽ തൃണമൂല്‍ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയാണെന്നും ‘ഖേലോ ഇന്ത്യ’ പദ്ധതിയിലൂടെ ബംഗാളിന്റെ നഷ്ടപ്പെട്ട കായിക പെരുമ തിരികെ കൊണ്ടുവരുമെന്നും മോദി പ്രഖ്യാപിച്ചു.
Photo and News Source: Janam TV



