കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷക വേഷത്തിൽ എത്തിയ പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ എൻറോൾമെന്റ് വിവരങ്ങൾ തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) രംഗത്ത്. മമതയുടെ എൻറോൾമെന്റ് സംബന്ധിച്ചും നിലവിൽ അവർ അഭിഭാഷകവൃത്തിയിൽ തുടരുന്നുണ്ടോ എന്നത് സംബന്ധിച്ചുമുള്ള വിശദമായ റിപ്പോർട്ട് 48 മണിക്കൂറിനകം സമർപ്പിക്കാൻ പശ്ചിമബംഗാൾ ബാർ കൗൺസിലിനോട് ബിസിഐ നിർദേശിച്ചു.
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാനാണ് മമതാ ബാനർജി വ്യാഴാഴ്ച കൊൽക്കത്ത ഹൈക്കോടതിയിൽ എത്തിയത്. അഡ്വക്കേറ്റ് ബാൻഡ് ഉൾപ്പെടെയുള്ള അഭിഭാഷക വേഷം ധരിച്ചാണ് മമത കോടതിയിൽ എത്തിയതെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പരാമർശമുണ്ടെന്ന് ബിസിഐ സെക്രട്ടറി അയച്ച കത്തിൽ വ്യക്തമാക്കുന്നു.
നിലവിലെ നിയമങ്ങൾ പ്രകാരം, ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവരോ അല്ലെങ്കിൽ ശമ്പളം ലഭിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരോ ആയ വ്യക്തികൾ ആ കാലയളവിൽ തങ്ങളുടെ ബാർ ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ടതുണ്ട്. പിന്നീട് വീണ്ടും പ്രാക്ടീസ് ചെയ്യണമെങ്കിൽ ലൈസൻസ് പുതുക്കേണ്ടത് അനിവാര്യമാണ്. 2011 മുതൽ 2026 വരെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന മമതാ ബാനർജി ഈ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നതാണ് ബിസിഐ ഇപ്പോൾ പരിശോധിക്കുന്നത്.
Photo and News Source: Mathrubhumi







