ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ദിവസവും 10-12 ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം. എന്നാൽ വേനൽക്കാലത്ത് തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകും. തൊണ്ട സംബന്ധമായ അസുഖങ്ങളുള്ളവർ മാത്രമല്ല, എല്ലാവരും ഫ്രിഡ്ജിൽ നിന്നുള്ള വെള്ളം നേരിട്ട് കുടിക്കുന്നത് ഒഴിവാക്കണം.

വെള്ളത്തിന്റെ തണുപ്പ് കൂടുന്തോറും പ്രത്യാഘാതങ്ങൾ കഠിനമാകും. തണുത്ത വെള്ളം ദഹനവ്യവസ്ഥയെ ബാധിക്കുകയും പെട്ടെന്നുള്ള വേദനയ്ക്ക് കാരണമാകുകയും ചെയ്യും. അമിതമായ തണുപ്പ് തൊണ്ടയിലെ രക്തക്കുഴലുകളെ ചുരുക്കി വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കും. പ്രത്യേകിച്ച് ഭക്ഷണശേഷം ഐസ് വെള്ളം കുടിക്കുന്നത് കഫം വർധിപ്പിക്കുകയും ജലദോഷം, പനി, അലർജി എന്നിവയുള്ളവരിൽ ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും.

വയറുവീർക്കൽ, വയറുവേദന, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കാം. കൂടാതെ, തണുത്ത വെള്ളം നട്ടെല്ലിലെ നാഡികളെ തണുപ്പിച്ച് തലച്ചോറിനെ ബാധിക്കുകയും തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും. സൈനസ് പ്രശ്നമുള്ളവർക്കും മൈഗ്രെയ്ൻ ഉള്ളവർക്കും ഈ സാഹചര്യം കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അതിനാൽ സുഗമമായ ദഹനത്തിനും ആരോഗ്യത്തിനും തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് ഉത്തമം.

Photo and News Source: Mathrubhumi