നോയിഡയിലെ തൊഴിലാളികളുടെ സമരത്തെ തുടർന്ന് യോഗി സർക്കാരിന്റെ നിലപാടും പോലീസ് നടപടിയും രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ, എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവ ചേർന്ന് പുറത്തിറക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ ഈ സംഭവങ്ങളുടെ യാഥാർഥ്യം വെളിപ്പെടുത്തിയിട്ടുണ്ട്.

സമരവുമായി ബന്ധപ്പെട്ട് ഏപ്രിൽ 16, 18 തീയതികളിൽ നടത്തിയ സന്ദർശനങ്ങളും ഇരകളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയവും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പോലീസ് ഏകപക്ഷീയമായി തൊഴിലാളികളെ അറസ്റ്റ് ചെയ്തുവെന്നും നിയമവിരുദ്ധമായി തടങ്കിൽ പാർപ്പിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സമരക്കാർക്കെതിരെ ഭരണഘടനാ അവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

നോയിഡയിലെ സംഭവങ്ങൾ ക്രമസമാധാന പ്രശ്നമല്ല, വ്യവസ്ഥാപിതമായ അടിച്ചമർത്തലാണ്. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കൽകൂടി തുറന്നുകാണിച്ച സംഭവമാണിത്. വ്യക്തമായ തെളിവുകളോ കുറ്റങ്ങളോ ഇല്ലാതെ പോലീസ് അറസ്റ്റ് നടത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏപ്രിൽ 13, 14 തീയതികളിൽ കുട്ടികൾ, വഴിയാത്രക്കാർ, ദിവസവേതന തൊഴിലാളികൾ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനേജ്‌മെന്റിന്റെ നിർദ്ദേശപ്രകാരം ജോലിസ്ഥലങ്ങളിൽ നിന്നും തൊഴിലാളികളെ പിടികൂടിയതായി ആരോപണമുണ്ട്. അറസ്റ്റ് അവസാന ആശ്രയമായിരിക്കണം. എന്നാൽ ഈ തത്വം ലംഘിച്ചുകൊണ്ടാണ് പോലീസ് പ്രവർത്തിച്ചത്. പ്രസ്ഥാനത്തെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെയാണ് അറസ്റ്റുകൾ നടന്നത്.

Photo and News Source: Kairali News