ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചികിത്സയിലാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെട്ടു. പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചതാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. യുദ്ധത്തിന്റെ തീവ്രതയിലും ഇറാൻ ഭരണകൂടത്തിന്റെ തെറ്റായ പ്രചാരണങ്ങളെ ചെറുക്കാനുമായിരുന്നു രോഗവിവരം ഒളിച്ചുവെച്ചതെന്ന് നെതന്യാഹു പറഞ്ഞു. പ്രോസ്റ്റേറ്റ് കാൻസർ പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രായത്തിലുള്ള പുരുഷന്മാർക്കിടയിൽ ഇത് സാധാരണമാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും 2023-ൽ ഇതേ രോഗം സ്ഥിരീകരിച്ചിരുന്നു.
മൂത്രാശയ സംബന്ധമായ അസ്വസ്ഥതകളെത്തുടർന്നാണ് ബൈഡന് രോഗനിർണയം നടത്തിയത്. വികസിത രാജ്യങ്ങളിൽ പ്രായമായ പുരുഷന്മാരിൽ കാണപ്പെടുന്ന ഈ കാൻസർ ഇന്ത്യയിൽ ആണുങ്ങളിലെ നാല് പ്രധാന കാൻസറുകളിൽ ഒന്നാണ്. പുരുഷന്മാരിൽ ഏഴിൽ ഒന്ന് എന്ന തോതിൽ ഈ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥി പുരുഷ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ്. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.
മൂത്രനാളി ഈ ഗ്രന്ഥിയുടെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്.
Photo and News Source: Mathrubhumi



