അബുദാബി: ഇറാനുമായി ബന്ധം പുനഃസ്ഥാപിക്കുന്നത് എളുപ്പമല്ലെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് സംഘടിപ്പിച്ച കോൺഫറൻസിലായിരുന്നു പ്രസ്താവന. സംഘർഷ കാലയളവിൽ ഇറാൻ ഏകദേശം 2,800 മിസൈലുകളും ഡ്രോണുകളും യുഎഇയെ ലക്ഷ്യമിട്ട് പ്രയോഗിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
ഇതിൽ 90 ശതമാനവും ജനവാസ മേഖലകളെയും ഊർജ്ജ കേന്ദ്രങ്ങളെയുമായിരുന്നു ലക്ഷ്യം. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയതെന്ന ഇറാന്‍റെ അവകാശവാദം അദ്ദേഹം നിരാകരിച്ചു. യുഎഇയുടെ പ്രതിരോധ സംവിധാനം 537 ബാലിസ്റ്റിക് മിസൈലുകളും, 26 ക്രൂയിസ് മിസൈലുകളും, 2,256 ഡ്രോണുകളും തടഞ്ഞു.
ആക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. രണ്ട് യുഎഇ പൗരന്മാരും, ഒരു മൊറോക്കൻ കരാറുകാരനും ഉൾപ്പെടെ 224 പേർക്ക് പരിക്കേറ്റു. ഇറാനെ ഇനി ഒരു അയൽരാജ്യമായി കാണാതെ സ്ഥിരമായ തന്ത്രപരമായ ഭീഷണിയായി ഗൾഫ് രാജ്യങ്ങൾ കാണുന്നു. ഗർഗാഷ്, ഇറാനെ വിശ്വസിക്കാൻ കഴിയില്ലെന്ന് പറയുകയും ഈ മുറിവുകൾ ഉണങ്ങാൻ തലമുറകളെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
Photo and News Source: Newsthen



