യുക്രൈൻ പ്രതിരോധ മന്ത്രാലയം യുദ്ധഭൂമിയിലെ ചരക്കുനീക്കങ്ങളിലും സൈനികരുടെ സുരക്ഷയിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നുണ്ട്. ഈ വർഷം പകുതിയോടെ 25,000 ആളില്ലാ ഗ്രൗണ്ട് വാഹനങ്ങൾ (UGVs) വിന്യസിക്കാൻ പദ്ധതിയിടുന്നു. 2025-ലെ വിന്യാസത്തേക്കാൾ ഇരട്ടിയിലധികം റോബോട്ടുകളെ 2026-ന്റെ ആദ്യ പകുതിയോടെ യുദ്ധമുഖത്തേക്ക് എത്തിക്കും.
പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവ്, മുൻനിരയിലെ ചരക്കുനീക്കങ്ങളെ പൂർണ്ണമായും റോബോട്ടിക് സംവിധാനങ്ങളിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു. അപകടകരമായ സാഹചര്യങ്ങളിൽ സൈനികർക്കു പകരം റോബോട്ടുകളെ ഉപയോഗിക്കുന്നതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 22,000 ദൗത്യങ്ങൾ റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് പൂർത്തിയാക്കിയിട്ടുണ്ട്. ഖാർകീവ് മേഖലയിൽ ഡ്രോണുകളും റോബോട്ടുകളും മാത്രം ഉപയോഗിച്ച് റഷ്യൻ സൈനിക പോസ്റ്റ് പിടിച്ചെടുക്കുന്നതും യുദ്ധചരിത്രത്തിലെ ആദ്യ സംഭവമാണ്. പുതുതായി വികസിപ്പിച്ച 'ബിസോൺ-എൽ' എന്ന റോബോട്ടിന് 300 കിലോഗ്രാം ഭാരം വഹിക്കാനും 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും കഴിയും. നാറ്റോയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2022-ൽ യുക്രൈനിൽ ഇത്തരം റോബോട്ടുകൾ നിർമ്മിക്കുന്ന കമ്പനിയില്ലായിരുന്നു. എന്നാൽ ഇന്ന് 300-ലധികം കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ജനുവരി മുതൽ 330 ദശലക്ഷം ഡോളർ ചെലവഴിച്ചിട്ടുണ്ട്. യുദ്ധഭൂമിയിലെ അപകടസാധ്യത കുറയ്ക്കുന്നതും സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതിരോധം ശക്തമാക്കുന്നതുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
Photo and News Source: Mathrubhumi



