ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന അദ്ദേഹം, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും സംസ്കാരവും ലോകത്തിന് അവതരിപ്പിച്ച അതുല്യ കലാകാരനായിരുന്നു.
1984-ലെ ഭോപ്പാൽ ദുരന്തത്തിന്റെ ഭീകരത വിളിച്ചോതുന്ന ചിത്രങ്ങളിലൂടെ അദ്ദേഹം ആഗോള ശ്രദ്ധ നേടി. ദുരന്തത്തിൽ മരിച്ച കുഞ്ഞിനെ അടക്കം ചെയ്യുന്ന കറുപ്പും വെളുപ്പും ചിത്രം ലോക മനസ്സാക്ഷിയെ ഉണർത്തുന്ന നോവായി നിലനിൽക്കുന്നു.
മദർ തെരേസ, ഇന്ദിരാഗാന്ധി, സത്യജിത് റേ തുടങ്ങിയ പ്രമുഖരുടെ ജീവിതവും അദ്ദേഹത്തിന്റെ ലെൻസിലൂടെ ലോകം കണ്ടു. 1977-ൽ മാഗ്നം ഫോട്ടോഗ്രഫി ഗ്രൂപ്പിലേക്ക് അദ്ദേഹത്തെ ആദ്യ ഇന്ത്യക്കാരനായി ഹെന്റി കാർട്ടിയർ ബ്രെസൺ നാമനിർദ്ദേശം ചെയ്തു.
1972-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. “ഫോട്ടോഗ്രഫി ഒരു നിമിഷത്തെ പൂർണ്ണതയിൽ തടവിലാക്കുന്ന കലയാണ്” എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം, കാശിയുടെയും ഹിമാലയത്തിന്റെയും തെരുവുകളുടെയും നേർചിത്രങ്ങൾ പകർത്തി.
1942-ൽ പഞ്ചാബിൽ ജനിച്ച രഘു റായ്, സിവിൽ എൻജിനീയറായാണ് ജീവിതം ആരംഭിച്ചത്. 1965-ൽ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞ അദ്ദേഹം, 1966-ൽ ‘ദി സ്റ്റേറ്റ്‌സ്മാനി’ൽ ചേർന്നു. പിന്നീട് ‘സൺഡേ മാഗസിൻ’, ‘ഇന്ത്യ ടുഡേ’ എന്നിവയുടെ ഫോട്ടോ എഡിറ്ററായും പ്രവർത്തിച്ചു.
Photo and News Source: Malayalam Express



