പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണം ശക്തി പ്രാപിച്ചതോടെ അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തലസ്ഥാനമായ ബമാകോയിലും മറ്റു പ്രദേശങ്ങളിലും ഭീകരർ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് എംബസിയുടെ ഇടപെടൽ.

ബമാകോ അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്ത് സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി റിപ്പോർട്ടുകൾ. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജെഎൻഐഎം, തുവാറെഗ്, എഫ്എൽഎ തുടങ്ങിയ വിമത ഗ്രൂപ്പുകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. നിലവിൽ സൈന്യം സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അവകാശപ്പെടുന്നു.

എന്നാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാർ വീടിനുള്ളിൽ കഴിയണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. പ്രാദേശിക അധികൃതരുടെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. അടിയന്തര സാഹചര്യങ്ങളിൽ +223 78486019, +223 94793705 എന്ന നമ്പറുകളിൽ എംബസിയെ ബന്ധപ്പെടാവുന്നതാണ്.

Photo and News Source: Janmabhumi