കോട്ടയം നഗരത്തിൽ പക്ഷി വൈവിധ്യം ഗണ്യമായി കുറഞ്ഞതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ 31 ഇനം പക്ഷികളെ മാത്രമേ കണ്ടെത്താനായുള്ളൂ. മുൻവർഷം 47 ഇനം പക്ഷികളെ രേഖപ്പെടുത്തിയിരുന്നു. വർധിച്ചുവരുന്ന ചൂടിന്റെ ഫലമായി പക്ഷികൾ നഗരപ്രാന്തങ്ങളിലേക്കും മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളിലേക്കും മാറുന്നതാണ് ഇതിനു പ്രധാന കാരണം.

ചൂട് കൂടുതൽ ഉള്ളപ്പോൾ പക്ഷികൾ മരപ്പൊത്തുകളിലും ഇലത്തലപ്പുകളിലും ഒതുങ്ങുന്നതും കാഴ്ചയിൽ കുറവുണ്ടാക്കുന്നു. നഗരത്തിൽ ഏറ്റവും കൂടുതലായി കണ്ട പക്ഷികളിൽ ചിന്നകുട്ടറുവാൻ, നാട്ടുമൈന, കാക്കകൾ, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവ ഉൾപ്പെടുന്നു. ജലപക്ഷികളായ ചായമുണ്ടി, ചേരകോഴി എന്നിവയും കണ്ടെത്തി.

നാഗമ്പടം സ്റ്റേഡിയം പരിസരത്തുള്ള കൊറ്റില്ലത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒൻപതു മരങ്ങളിലായി 200-ൽ താഴെ കൂടുകൾ മാത്രമാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം 800-ലധികം കൂടുകൾ ഉണ്ടായിരുന്നു. തുടർച്ചയായി വർധിച്ചുവരുന്ന ചൂട് പക്ഷികളുടെ പ്രജനനത്തെയും കൂട് നിർമ്മാണത്തെയും ഗണ്യമായി ബാധിച്ചിട്ടുണ്ടെന്ന് പക്ഷി നിരീക്ഷകർ സംശയിക്കുന്നു.

Photo and News Source: Sathyam Online