കൊച്ചിയിൽ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിതരണം നടത്തിയ സംഘത്തിലെ 23 കാരിയായ ജാർഖണ്ഡ് സ്വദേശിനിയെ എക്സൈസ് വലം പിടികൂടി. പിറവം ചെട്ടിക്കണ്ടത്ത് നടന്ന പരിശോധനയിൽ യുവതിയുടെ പക്കൽ നിന്ന് 9.11 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പിറവം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാനായി ലഹരിമരുന്നുകൾ എത്തിച്ചതാണെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. ദീർഘനാളായി ഈ മേഖലയിൽ ലഹരി വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പ്രിവന്റീവ് ഓഫീസർമാരായ അരുൺ കെ.കെ, റോബി കെ.എം, ജയദേവൻ എ.കെ, അനിൽ കുമാർ എം.എൻ, സിവിൽ എക്സൈസ് ഓഫീസർ നന്ദു എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ടിനു ജോർജ്, സൗമ്യ ടി.കെ, ഡ്രൈവർ അനീഷ് കുമാർ വി.സി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യപ്പെട്ടു. ലഹരിമരുന്ന് കൈമാറിയ മൊത്തവിതരണക്കാരെ കണ്ടെത്താനുള്ള അന്വേഷണം എക്സൈസ് വേഗത്തിലാക്കിയിട്ടുണ്ട്.

Photo and News Source: Janam TV